മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂൾ110ാം വാർഷികവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും 27ന്

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 110ാം വാർഷികവും മാർച്ച് 27ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ അധ്യക്ഷം വഹിക്കും. ഷാഫി പറമ്പിൽ എംപിയാണ് മുഖ്യ അതിഥി.
മേപ്പയ്യൂർ: സാമാന്യ ജനവിഭാഗത്തിന് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി 1914 ൽ ആരംഭിച്ച പെൺപള്ളിക്കുടമാണ് ഇന്നത്തെ മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂൾ. സ്കൂളിൻെറ 110 വാർഷികം 27 ന് ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൻറെ ഒരു പ്രധാന കേന്ദ്രമായിരുന്ന മഠത്തുംഭാഗം,കാട്ടുമഠം, കല്പത്തൂർ പ്രദേശങ്ങൾ. ഈ പ്രദേശത്ത് പോരാളികളോടൊപ്പം തോൾ ചേർന്നു നിന്ന് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഈ വിദ്യാലയവും ഉണ്ടായിരുന്നു. തെക്കുമ്പാട്ട് ഗോപാലൻ നായരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.
ഒരു നൂറ്റാണ്ടിലേറെക്കാലം വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് പ്രഥമ നേതൃസ്ഥാനമാണ് ഈ വിദ്യാലയം കരസ്ഥമാക്കിയത്.കാലത്തിനൊപ്പം ഈ വിദ്യാലയവും മാറുകയും വളരുകയും ചെയ്തു. ഓലമേഞ്ഞ പള്ളിക്കൂടം,ഓടുമേഞ്ഞതായി മാറി.ഇപ്പോഴിതാ ആധുനികരീതിയിലുള്ള പുതിയ സ്കൂൾ കെട്ടിടം പൂർത്തിയായി. പുതിയ കെട്ടിടം സ്കൂൾ മാനേജ്മെൻറ് നിർമിക്കുകയായിരുന്നു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 110ാം വാർഷികവും മാർച്ച് 27ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ അധ്യക്ഷം വഹിക്കും. ഷാഫി പറമ്പിൽ എംപിയാണ് മുഖ്യ അതിഥി. ലൈബ്രറി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് ഡി ഡി ഇ മനോജ് മണിയൂരും ഫോട്ടോ അനാച്ഛാദനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജനും നിർവഹിക്കും. ഐ ടി ലാബ് മേലടി എ ഇ ഒ പി ഹസീസ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
രാത്രി 8 മണിക്ക് സ്കൂൾ ഫെസ്റ്റ്, സ്കൂൾ നഴ്സറി ഫസ്റ്റ് എന്നിവ നടക്കും. തുടർന്ന് കണ്ണൂർ സംഗീത് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും.
വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഏറ്റവും ആധുനിക രീതിയിൽ വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യമാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. മികച്ച കമ്പ്യൂട്ടർ ലാബും നാട്ടുകാർക്ക് കൂടി ഉപയോഗിക്കാനാവും വിധം സജ്ജീകരിച്ച ലൈബ്രറിയും വ്യാഴാഴ്ച നാടിനു സമർപ്പിക്കുമെന്ന്
സ്വാഗതസംഘം ചെയർമാൻ ശ്രീനിലയം വിജയൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് കെ പി ബീന, പിടിഎ പ്രസിഡണ്ട് കെ കെ അനീഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ എം രവീന്ദ്രൻ, മാനേജർ ശ്രീധരൻ നായർ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ഷമേജ് എന്നിവർ അറിയിച്ചു.