മാസപ്പടി വിവാദത്തിൽ മകൾ വീണയ്ക്കെതിരായ കേസ് ഗൗരവതരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മാധ്യമങ്ങൾക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മകൾ വീണയ്ക്കെതിരായ കേസ് ഗൗരവതരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങൾ മോഹിച്ച് നിൽക്കുന്നത്. അതങ്ങനെ മോഹിച്ച് നിന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങൾക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാർട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോ എന്ന ചോദ്യത്തിന് അതിൽ ഇത്ര ആശ്ചര്യം എന്താണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.
'' വിഷയത്തിൽ പാർട്ടി പ്രതിരോധം ഉയർത്തുന്നതിൽ എന്താണ് ആശ്ചര്യം. ബിനീഷിന്റെ കേസിൽ കൊടിയേരിയെ പറ്റി പരാമർശമുണ്ടായിരുന്നില്ല. ഇതിൽ എന്റെ മകളെന്ന് പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളിൽ കൂടുതൽ പറയുന്നില്ല. ഇതൊന്നും എന്നെ ബാധിക്കുന്നില്ല കാര്യമില്ല. ഞങ്ങൾ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട.മുഖ്യമന്ത്രിപറഞ്ഞു.