ആന്തട്ടയിൽവർണ്ണക്കൂടാരം  ഉദ്ഘാടനം ചെയ്തു

23 Jun 2024 01:01 PM
ആന്തട്ടയിൽവർണ്ണക്കൂടാരം  ഉദ്ഘാടനം ചെയ്തു

ഈ  വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം

കൊയിലാണ്ടി : ഈ  വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം ആന്തട്ട ഗവ.യു.പി. സ്കൂളിൽ തുടങ്ങി.
പ്രീ - പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക, വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ  ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. അഭിനയ ഇടം, കളിയിടം, സെൻസറി ഇടം, സംഗീത ഇടം, നിർമാണ ഇടം, ഭാഷാ വികസന ഇടം, ഹരിത ഇടം, ഗണിത ഇടം, ഇലക്ട്രോണിക്സ് ഇടം തുടങ്ങി 13 ഇടങ്ങളാണ് ക്ലാസ് റൂമിലും പുറത്തും  ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള അനുവദിച്ച പതിനൊന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് വർണക്കൂടാരം  നിർമിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ എം.ജി ബൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, സ്ഥിരംസമിതിഅധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചാ. അംഗം ഇ.കെ. ജുബീഷ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ. അജയൻ, ഗ്രാമ പഞ്ചാ.അംഗങ്ങളായ സുധ കാവുങ്കല്‍പൊയില്‍, പി. സുധ,നൂൺമീൽ ഓഫീസർ എ. അനിൽകുമാർ, പി.ടി.എ. പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധൻ, മധു കിഴക്കയിൽ, എ.കെ. രോഹിണി ,ഇ. ഷിംന , എന്നിവർ പ്രസംഗിച്ചു.

വിവിധ വേഷങ്ങൾ അണിഞ്ഞെത്തിയ കുഞ്ഞുങ്ങള്‍, വാദ്യമേളങ്ങളുടെ ശബ്ദ ഘോഷങ്ങള്‍ക്ക് ഒത്തു ചുവടുകൾ വച്ച് വര്‍ണകൂടാരത്തിലെ പ്രിയപ്പെട്ട കളിയിടങ്ങളിലേക്ക് പ്രവേശിച്ചത് കൗതുക കാഴ്ചയായി.

 പൂമ്പാറ്റകളായും കിളികളായും മുയൽ,ആന വേഷങ്ങളിലും മനോഹരമായ വര്‍ണകൂടാരത്തിന്  അവര്‍ അലങ്കാരമായി.  വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ പി. ജയകുമാർ, ഡോ. രഞ്ജിത്ത് ലാൽ എന്നീഅധ്യാപകർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കും ഉപഹാരങ്ങൾ നൽകി. വിദ്യാലയത്തിന്റെ വിവിധ സമിതികളിലെ പ്രവർത്തകരും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയിൽ ഹെഡ്മാസ്റ്റർ  സി.അരവിന്ദൻ സ്വാഗതവും ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.